വിജയയാത്ര അലങ്കോലപ്പെടുത്താൻ സർക്കാർ ഒത്താശയോടെ ജില്ലാ ഭരണകൂടം ശ്രമിക്കുന്നു;നോബിൾ മാത്യു.


കോട്ടയം: നാളെ കോട്ടയത്ത് എത്തുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര അലങ്കോലപ്പെടുത്താൻ സർക്കാർ ഒത്താശയോടെ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ആരോപിച്ചു.

വിജയ യാത്രയുടെ പ്രചരണാർത്ഥം നഗരത്തിൽ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടികളും ജീവനക്കാരെ നിയോഗിച്ചു അഴിച്ചു മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോർഡുകളും കൊടികളും നീക്കം ചെയ്ത അധികൃതരുടെ നടപടികൾക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലൂടെ കടന്നുപോയ ഇടതു വലത് മുന്നണികൾ നയിച്ചിരുന്ന രാഷ്ടീയ ജാഥകളുടെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ബാനറുകളും കൊടിതോരണങ്ങളുമൊന്നും സർക്കാരിനെയോ ജില്ലാ ഭരണകൂടത്തെയൊ അസ്വസ്ഥമാക്കിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ള  ബിജെപിയുടെ സമുന്നത നേതാക്കൾ പങ്കെടുക്കുന്ന വിജയയാത്രയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത്തരം നീക്കങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ഇന്ന് ജില്ലയിലെ ഭാരതീയ ജനതാ പാർട്ടിക്കുണ്ട് അധികാരികൾ മനസ്സിലാക്കണമെന്നും നോബിൾ മാത്യു പറഞ്ഞു.