കോട്ടയം: നെല്ല് സംഭരണം വൈകുന്നതിലും നെല്ല് സംഭരിക്കുന്നതിനായി മില്ലുടമകൾ അധിക കിഴിവ് ആവശ്യപ്പെടുന്നതിലും പ്രതിഷേധിച്ച് നീണ്ടൂരിൽ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു. നീണ്ടൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തുടർന്ന് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പാഡി ഓഫീസ് കർഷകർ ഉപരോധിച്ചു.
നെല്ല് സംഭരണം വൈകുന്നതിനാൽ കൊയ്തെടുത്ത നെല്ലുമായി കണ്ണീർക്കൂനയിൽ കാവലിരിക്കുകയാണ് കർഷകർ. കൊയ്തെടുത്ത നെല്ല് 30 ദിവസത്തോളമായി പാടശേഖരങ്ങളിലും റോഡരികിലും കൂന കൂട്ടിയിട്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് കല്ലറയിലും സമാന രീതിയിൽ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭരിക്കുന്ന നെല്ലിന് കിന്റലിന് 6 കിലോ വരെ താര നൽകണമെന്നാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയിൽ വിളവ് പാകമാക്കി കൊയ്തെടുത്ത കർഷകർക്ക് അദ്ധ്വാനത്തിന്റെ വിലപോലും ലഭിക്കില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
കോട്ടയം ജില്ലയിലെ നെൽകൃഷി ചെയ്യുന്ന മേഖലകളിലെല്ലാം കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിലും വഴിയരികിലും കൂട്ടിയിട്ടിരിക്കുകയാണ്. ജനുവരി മുതൽ കൊയ്തെടുത്ത നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴും കൂന കൂട്ടിയിട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളോ അധികൃതരോ ആരും തന്നെ ഇതുവരെയും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു. കടം വാങ്ങി കൃഷി ചെയ്തു കടക്കെണിയിലാകുന്ന കൃഷിക്കാരോട് സർക്കാരോ സർക്കാർ വകുപ്പുകളോ കരുണ കാട്ടുന്നില്ല എന്നും കർഷകർ പറഞ്ഞു. വിവിധ മേഖലകളിൽ വിവിധ പാടശേഖരങ്ങയി ക്വിന്റൽ കണക്കിന് നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്.
അധികം വൈകാതെ നെല്ല് സംഭരിച്ചില്ലെങ്കിൽ നെല്ല് നശിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ ഉപരോധത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാടി മാനേജരുടെ നേതൃത്വത്തിൽ കർഷകരുമായി നാളെ ചർച്ച നടത്താം എന്ന സപ്ലൈകോ സിഎംഡി അലി അസ്കര്‍ പാഷ ഉറപ്പുനല്‍കിയതിനെ തുടർന്നാണ് കർഷകർ ഉപരോധം അവസാനിപ്പിച്ചത്.