കോട്ടയത്തു വെള്ളക്കെട്ടിൽ വീണു മരിച്ച രണ്ടര വയസ്സുകാരന്റെ സംസ്കാരം ഇന്ന്.


കോട്ടയം: കോട്ടയത്തു വെള്ളക്കെട്ടിൽ വീണു മരിച്ച രണ്ടര വയസ്സുകാരന്റെ സംസ്കാരം ഇന്ന്. കോട്ടയം ചെങ്ങളം നാൽപ്പാറയിൽ പ്രശാന്തന്റെയും കാർത്തികയുടെയും മകൻ രണ്ടര വയസ്സുകാരൻ ആരുഷ് ആണ് ഇന്നലെ വീടിനു സമീപമുള്ള പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ചത്.

ഞെട്ടലോടെയാണ് നാട്ടുകാർ ഈ വാർത്ത ഉൾക്കൊണ്ടത്. കളിചിരികളുമായി എല്ലാവരുടെയും പൊന്നോമനയായിരുന്ന ആരുഷിന്റെ വേർപാടിൽ വിതുമ്പുകയാണ് നാടും നാട്ടുകാരും. ഇന്നലെ രാവിലെ 12 മണിയോടെയായിരുന്നു സംഭവം. വീടിനു മുൻപിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആരുഷിനെ തിരക്കി എത്തിയ സഹോദരി അനാമികയാണ് ആയുഷ് വെള്ളത്തിൽ വീണു കിടക്കുന്നതായി കണ്ടത്.

തുടർന്ന് കുട്ടിയുടെ മാതാവും അയൽവാസിയും ഓടിയെത്തിയപ്പോഴാണ് വെള്ളത്തിൽ വീണു കിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

താറാവിനെ കാണാനെത്തിയ കുട്ടി കാൽ വഴുതി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്. മാടപ്പള്ളിക്കാട് പാടശേഖരത്ത് കഴിഞ്ഞ ദിവസം മുതൽ വെള്ളം കയറിയിരുന്നു. ശവസംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.