വൈക്കത്ത് തെരഞ്ഞെടുപ്പിന്റെ ആവേശപ്പോരാട്ടത്തിൽ വോട്ടുറപ്പിച്ചു വനിതാ സ്ഥാനാർത്ഥികൾ.


വൈക്കം: കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ വനിതകൾ സ്ഥാനാർഥികളായി മത്സരിക്കുന്ന വൈക്കം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ആവേശപ്പോരാട്ടത്തിലാണ് വനിതാ സ്ഥാനാർത്ഥികൾ. മൂന്നു മുന്നണികളുടെയും വനിതാ സാരഥികളാണ് വൈക്കത്ത് മത്സര രംഗത്തുള്ളത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഐ സാരഥി സി കെ ആശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം പൂർത്തിയാക്കി. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് സി കെ ആശ. വൈക്കം നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കൂടിയാണ് സി കെ ആശ. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു വൈക്കം നഗരത്തിൽ പദയാത്ര നടത്തി. വനിതാ സംഗമങ്ങളിലും കുടുംബ യോഗങ്ങളിലും സജീവമാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളി സംഗമം എൻഎഫ്ഐഡബ്ള്യു  ദേശീയ ജനറൽ സെക്രട്ടറി ആനിരാജ നാനാടത്ത് ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സ്ഥാനാർഥി ഡോ.പി ആർ സോനയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി തലയോലപ്പറമ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്‌ഘാടനം ചെയ്തു. വനിതാ സംഗമത്തിൽ നേരിട്ടെത്തി സോനാ വോട്ടഭ്യർത്ഥിച്ചു. മണ്ഡലത്തിലെ മുഴുവൻ മേഖലകളിലും പ്രചാരണ പരിപാടികളിൽ സജീവമാണ് ഡോ.പി ആർ സോനാ. കിഴക്കേ നട അയ്യർകുളങ്ങര ,കൊടിയാട് മേഖലകളിൽ ആയിരുന്നു എൻഡിഎ സ്ഥാനാർഥി അജിതാ സാബുവിന്റെ പ്രചാരണ പരിപാടികൾ.

മേഖലയിലെ വീടുകളിൽ നേരിട്ടെത്തി അജിതാ സാബു വോട്ടഭ്യർത്ഥിച്ചു. ദളവാക്കുളം ബസ്സ് സ്റ്റാൻഡിൽ നിന്നുമാണ് അജിതാ സാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോട്ടയം ജില്ലയിൽ വനിതകൾ മാത്രം മത്സരിക്കുന്ന ഏക നിയോജക മണ്ഡലമാണ് വൈക്കം.