കേരളാ കോൺഗ്രസ്സ് ലയനം: യുഡിഎഫിന് ഗുണം ചെയ്യും,ബിജെപി ക്ക് തിരിച്ചടി.


കോട്ടയം: കേരളാ കോൺഗ്രസ്സ് പി സി തോമസ് വിഭാഗം എൻഡിഎ വിട്ടു കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗവുമായി ലയിച്ചതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടൽ. ഇന്ന് കടുത്തുരുത്തിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് പാർട്ടി ലയന പ്രഖ്യാപനം നടത്തിയത്.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പടെയുള്ള കോൺഗ്രസ്സിന്റെ നേതാക്കളാണ് പി സി തോമസിനെ സ്വാഗതം ചെയ്തത്. എന്നാൽ പി സി തോമസ്സിന്റെ ഈ നീക്കം എൻഡിഎ യ്ക്ക് തിരിച്ചടിയായതായാണ് വിലയിരുത്തലുകൾ. ക്രിസ്ത്യൻ സമുദായ മേലധ്യക്ഷന്മാരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ചകൾ നടത്തിയിരുന്നെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ക്രിസ്ത്യൻ സമുദായത്തെ ചേർത്തു നിർത്തി സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാനുള്ള എൻഡിഎ യുടെ പരിശ്രമത്തിനാണ് ഇപ്പോൾ പി സി തോമസ് മുന്നണി വിട്ടതോടെ തിരിച്ചടിയായിരിക്കുന്നത്. അർഹമായ പ്രാതിനിധ്യം നൽകാഞ്ഞതും പാർട്ടിയെ തഴയുന്ന നിലപാട് മുന്നണി സ്വീകരിച്ചതുമാണ് എൻഡിഎ വിടാൻ കാരണമെന്ന് പി സി തോമസ് പറഞ്ഞു.

പി സി തോമസ് കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിലൂടെ യുഡിഎഫിലേക്കെത്തിയത് പാലായിൽ മാണി സി കാപ്പനും കൂടുതൽ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും ശരിയായ സ്ഥലത്താണ് ഇപ്പോൾ പി സി തോമസ് എത്തിയിരിക്കുന്നത് എന്നും പി സി തോമസിനെ സ്വീകരിച്ച ശേഷം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫിൽ നിന്നും പുറത്തു പോയതിൽ ഹൃദയവേദനയുണ്ടെന്നും തിരികെയെത്താൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നും പി സി തോമസ് പറഞ്ഞു.