പുതിയതായി എത്തിച്ച വോട്ടിംഗ് യന്ത്രങ്ങളുടെയും പരിശോധന പൂര്‍ത്തിയായി.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കുന്നതിന് ഈ മാസം കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായി. മഹാരാഷ്ട്രയില്‍നിന്നും തൃശൂരില്‍ എത്തിച്ചിരുന്ന 190 യന്ത്രങ്ങളാണ് ഫെബ്രുവരി 22ന് കോട്ടയം തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ ഹൗസില്‍ കൊണ്ടുവന്നത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എന്‍ജിനീയര്‍മാരുടെ സാങ്കേതിക മേല്‍നോട്ടത്തില്‍ ഫെബ്രുവരി 23നാണ് പരിശോധന ആരംഭിച്ചത്. തെലങ്കാനയില്‍നിന്ന് എത്തിച്ച യന്ത്രങ്ങളുടെ പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു. ആകെ  3456 ബാലറ്റ് യൂണിറ്റുകളും 3157 കണ്‍ട്രോള്‍ യൂണിറ്റുകളും 3406 വി.വി പാറ്റ് മെഷീനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. റിസര്‍വ്വ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ 3008 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 3248 വി.വി പാറ്റുകളുമാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിന് ആവശ്യമുള്ളത്.