എരുമേലി: എരുമേലിയിൽ നിന്നും ലഡാക്ക് വരെ ഒരു യാത്ര,അത് തന്റെ വളരെ നാളുകളായുള്ള ഒരു സ്വപ്നനമായിരുന്നു എന്ന് റിജോ പറയുമ്പോൾ ആഗ്രഹ പൂർത്തീകരണത്തിന്റെ പുഞ്ചിരി ആ മുഖത്തുണ്ട്. ആഗ്രഹത്തിനും യാത്രയ്ക്കും കട്ട സപ്പോർട്ടുമായി പിതാവ് ഇട്ടിച്ചനും ഒപ്പം കൂടിയതോടെ ഇവർ യാത്ര ആരംഭിക്കുകയായിരുന്നു.
എരുമേലി മുക്കൂട്ടുതറ സ്വദേശി വാഴയ്ക്കൽ റിജോയും പിതാവ് ഇട്ടിച്ചനുമാണ് തങ്ങളുടെ ഇരുചക്ര വാഹനത്തിൽ ലഡാക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 22 നാണു ഇവരുടെ യാത്ര ആരംഭിച്ചത്. നട്ടെല്ലിനുണ്ടായ ചെറിയ വിഷമതകൾ മൂലം രണ്ടു വർഷമായി കിടപ്പിലായിരുന്നു റിജോയാണ് ഇപ്പോൾ ചുറുചുറുക്കോടെ രാജ്യം കാണാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പുതുതായി വാങ്ങിയ സ്‌കൂട്ടറിലാണ് ഇരുവരുടെയും യാത്ര.
മീൻ വിൽപ്പനയുടെ സൂക്ഷിച്ചു വെച്ചിരുന്ന പണവും സുഹൃത്തുക്കളുടെ സംഭവനകളുമാണ് യാത്രയുടെ മൂലധനം. ലഡാക്കിൽ 2 ദിവസം താമസിച്ച ശേഷം തിരികെ മടങ്ങാനാണ് ഇവരുടെ തീരുമാനം. നിറ കാഴ്ച്ചകളുടെ വസന്ത ലോകത്തെ യാത്രയിലാണ് ഇപ്പോൾ ഈ പിതാവും മകനും. ഓരോ ദിവസത്തെയും വിശേഷങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.