കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പൊരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.
പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതുകൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാന്‍ സാധിക്കും. പരാതി സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളുപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കാം. ഫോട്ടോയോ വീഡിയോയോ ഓഡിയോയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിച്ചിരിക്കണം. ഫോണില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ് ലോഡ് ചെയ്യാനാവില്ല.
പരാതികള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സിവിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം ലഭിക്കുക. ഉടന്‍തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്ലൈയിംഗ് സ്ക്വാഡ്, ആന്‍റീ ഡീഫേയ്‌സ്‌മെന്‍റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സിവിജില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന ജി.ഐ.എസ് ആപ്ലിക്കേഷന്‍ മുഖേനയാണ് ഇവര്‍ പരാതിയുടെ ലൊക്കേഷന്‍ കണ്ടെത്തുക. അന്വേഷണം നടത്തുന്ന സ്ക്വാഡ് അതത് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും.
പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും. സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. അജ്ഞാത പരാതിക്കാര്‍ക്ക് പരാതിയുടെ സ്ഥിതി മൊബൈലില്‍ അറിയാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ക്ക് അതത് റിട്ടേണിംഗ് ഓഫീസര്‍മാരെ നേരിട്ട് ബന്ധപ്പെട്ടാല്‍ വിവരം ലഭിക്കുന്നതാണ്. ദുരുപയോഗം തടയുന്നതിനായി ഇന്‍ബില്‍റ്റ് ഫീച്ചേഴ്സുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.