കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനിയും എരുമേലി മുക്കൂട്ടുതറ സ്വദേശിനിയുമായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി പിതാവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതിനായി നിവേദനം ജെസ്‌നയുടെ പിതാവ് കാഞ്ഞിരപ്പള്ളി മുൻരൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന് കൈമാറി. ജെസ്‌ന ജീവിച്ചിരിക്കുന്നു എന്ന് പറയുന്നെങ്കിലും കൃത്യമായ വിവരങ്ങൾ നൽകുന്നില്ല എന്നും പിതാവ് പറഞ്ഞു. ജെസ്‌നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് കൊച്ചി ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തെങ്കിലും സാങ്കേതിക പിഴവിനെ തുടർന്ന് ഹർജി പിൻവലിച്ചിരുന്നു.
2018 മാർച്ച് 22 നാണു കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. ജെസ്‌നയെ കാണാതായിട്ട് ഇപ്പോൾ 2 വർഷവും 10 മാസവും പിന്നിട്ടു കഴിഞ്ഞു.
