എരുമേലി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്‌തെന്ന ഗ്രാമപഞ്ചായത്തിന്റെ മറുപടിയിൽ തൃപ്തിയായില്ല,അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.



എരുമേലി: എരുമേലി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്‌തെന്ന ഗ്രാമപഞ്ചായത്തിന്റെ മറുപടിയിൽ തൃപതിയാകാത്തതിനെ തുടർന്ന് അന്വേഷണത്തിനും നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിട്ടു.

 

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ് കളക്ടർ നിർദേശം നൽകിയത്. എരുമേലി സ്വദേശിയായ കുറുമ്പേറ്റിൽ പ്രദീപാണ് കളക്ടർക്ക് പരാതി നൽകിയത്. ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ചു കഴിഞ്ഞ വർഷമാണ് എരുമേലി തോട്ടിലെ മാലിന്യങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യാനുള്ള നടപടികൾ ചെയ്തത്.

മാലിന്യങ്ങൾ തോട്ടിൽ നിന്നും ജെ സി ബി ഉപയോഗിച്ച് വാരി നീക്കി തോടിന്റെ വശങ്ങളിൽ തന്നെ കൂട്ടിയിടുകയും അതിനാൽ ഒരു ഭാഗം മൺകൂന പോലെ ആകുകയും തോടിന്റെ വീതി കുറയുകയുമാണ് ഉണ്ടായതെന്നും പദ്ധതിയിൽ തട്ടിപ്പ് നടന്നതായും പ്രദീപ് പരാതിയിൽ പറഞ്ഞു. തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തതാണെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ മറുപടിയിൽ തൃപ്തിയാകാത്തതിനെ തുടർന്ന് അന്വേഷണം നടത്താനും നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.