കോട്ടയം: വടവാതൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. പാമ്പാടി പൊത്തൻപുറം സ്വദേശി ടൈറ്റസ്, വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സഹയാത്രികനായ കളത്തിപ്പടി സ്വദേശി ടിനുവിനും പരിക്കേറ്റിട്ടുണ്ട്.
അതുലും ടിനുവും സഞ്ചരിച്ചിരുന്ന ബൈക്ക് വടവാതൂർ ജംക്ഷനിൽ മറ്റൊരു വാഹനത്തെ മാറി കടക്കുന്നതിനിടെ നിയന്ത്രണം വിട്ടു ടൈറ്റസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
