മുണ്ടക്കയം: ലൈഫ് പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയയാളെ മുണ്ടക്കയത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചിയാനി കണ്ണംകുളം ജോയി(പാസ്റ്റർ ജോയി)ആണ് അറസ്റ്റിലായത്. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കളിൽ നിന്നും ലൈഫ് പദ്ധതിക്കായി അപേക്ഷിച്ചിരിക്കുന്നവരിൽ നിന്നുമായാണ് ഇയാൾ പണം ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തിയത്. നിരവധി സ്ഥലങ്ങളിൽ ഇയാൾ പണപ്പിരിവ് നടത്തിയതായാണ് വിവരം.

ഇന്നലെ മുണ്ടക്കയം വേലനിലം സ്വദേശിയായ വീട്ടമ്മയിൽ നിന്നും പണം ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തുന്നതിനിടെ മുണ്ടക്കയത്തെ മാധ്യമ പ്രവർത്തകന് സംശയം തോന്നുകയും ചോദിക്കുന്നതിനിടെ ഇയാൾ കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലേക്ക് ഓടി മറഞ്ഞ ഇയാളെ നാട്ടുകാർ ചേർന്നു തടഞ്ഞു വെച്ചു പോലീസിൽ വിവരമറിയിക്കുകയായിരുന്നു.