തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത കണക്കിലെടുത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ ഡിസംബർ 3,4 തീയതികളിൽ ഓറഞ്ച് അലേർട്ടും ഡിസംബർ 2,5 തീയതികളിൽ യെല്ലോ അലെർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 3 നു ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഡിസംബർ 2,4 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
