മലയോരമേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ഡിഡിഎംഎ.


കോട്ടയം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത കണക്കിലെടുത്തു ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ)യുടെ അടിയന്തരയോഗം നിർദ്ദേശിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പ് പരിഗണിച്ച് കോട്ടയം ജില്ലയില്‍ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 

    അതിശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ ഡിസംബർ 3,4 തീയതികളിൽ ഓറഞ്ച് അലേർട്ടും ഡിസംബർ 2,5 തീയതികളിൽ യെല്ലോ അലെർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.