കോട്ടയം: ഇടതുസർക്കാര്‍ കോട്ടയം നിയോജകമണ്ഡലത്തോട് കാണിക്കുന്ന വികസന വിരുദ്ധതയ്ക്കും എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കുമെതിരെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ 24 മണിക്കൂർ കോട്ടയത്ത് നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉമ്മന്‍ ചാണ്ടി ഉത്‌ഘാടനം ചെയ്തു. ഇടതുപക്ഷ മുന്നണി സർക്കാർ കോട്ടയം നിയോജക മണ്ഡലത്തോട് കടുത്ത അവഗണന കാട്ടിയതായി ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുനക്കര മൈതാനത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മുടങ്ങി കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
