ജനാധിപത്യത്തിൽ ഏറ്റവും വലിയ ശക്തി ജനങ്ങളാണ്;ജോസ് കെ മാണി.

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിൽ വിശദീകരണം നൽകി ജോസ് കെ മാണി.

കേരളാ കോൺഗ്രസ്സ് (എം) എൽ ഡി എഫ് മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം പാർട്ടി ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരുന്നു. 38 വർഷത്തിന് ശേഷമുണ്ടായ ഈ മുന്നണിമാറ്റത്തിൽ കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിൽ വിശദീകരണം നൽകി ജോസ് കെ മാണി. 

     2018 നവംബർ മാസം 15,16 തീയതികളിലായിരുന്നു മാണി സാറിന്റെ നേതൃത്വത്തിൽ സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ ചേരുകയും കർഷകരക്ഷ,മതേതരത്വം, പുതിയ കേരളം എന്നീ ആശയങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങളാണ് അംഗീകരിക്കുകയും ചെയ്തതാണ്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ കേരളാ കോൺഗ്രസ്സ് (എം) സ്റ്റിയറിങ് കമ്മറ്റി തീരുമാനം കൈക്കൊണ്ടത്.

    ഇടതുപക്ഷ വിരുദ്ധത ഒരിക്കലും മാണി സാറിനു ഉണ്ടായിരുന്നില്ല. കേരള രാഷ്ട്രീയത്തിൽ എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു മാണി സാറിന്റേത്. കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ മാണി സാർ ആരംഭിച്ചത് ഇടതുപക്ഷത്ത് ഇരുന്നുകൊണ്ട് തന്നെയാണ്. മാണി സാറിനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവരുടെ ഇപ്പോഴത്തെ സ്നേഹം അവസരവാദമാണ്.

    പാർട്ടിയെ പുറത്താക്കിയ യു ഡി എഫ് ഇപ്പോൾ പാർട്ടി സ്വമേധയാ പുറത്തു പോയതാണെന്ന് വരുത്തി തീർക്കുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച മധ്യസ്ഥ ശ്രമങ്ങൾ എന്നും ഏകപക്ഷീയമായിരുന്നു. പാലാ മണ്ഡലം എന്നും കേരളാ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ ചതിച്ചവർക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചു വന്നത്. നിക്ഷ്പക്ഷതയോടെയുള്ള മധ്യസ്ഥ ശ്രമം ഉണ്ടായിട്ടില്ല.

    ആരുടേയും പേരെടുത്തു പറഞ്ഞില്ലെങ്കിലും ബാർ കോഴ കേസിലെ ഗൂഡാലോചനകൾക്ക് പിന്നിൽ കോൺഗ്രസ്സ് നേതൃത്വത്തിലെ തന്നെ ചിലരായിരുന്നുവെന്ന് മാണി സാർ തന്നെ പറഞ്ഞിട്ടുണ്ട്. 

    രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കണം എന്ന് ഉള്ളതിനാലാണ് രാജ്യസഭാ സ്ഥാനം രാജി വെച്ചത്. എൽ ഡി എഫിലേക്ക് എത്തുന്ന സാഹചര്യത്തിൽ സ്ഥാനം ഒഴിയണം എന്ന് സ്വന്തം നിർബന്ധപ്രകാരമാണ് രാജി വെച്ചത്. ഒരു മുന്നണിയുടെ ഭാഗമായി നിന്നതിനു ലഭിച്ച അംഗീകാരമാണ് രാജ്യസഭാ സ്ഥാനം,അത് പാർട്ടിക്ക് അർഹതപ്പെട്ടത്‌ തന്നെയാണ്. 

    മാണി സാറിന്റെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ചിലർ പ്രവർത്തിക്കുന്നത്. പാർട്ടിയെ ഉള്ളിൽനിന്നും തകർക്കുന്നതിനായി ഒരു വിഭാഗം ആളുകളെ സ്ഥാനമാനങ്ങൾ കാട്ടി വശത്താക്കുകയാണ് ചെയ്തത്. കേരളാ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങൾ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. 

     തെറ്റിദ്ധാരണയുടെ പുറത്ത് പാർട്ടിയിൽ നിന്നും പലരും ജോസഫിനൊപ്പം പോയിട്ടുണ്ട്. പക്ഷെ ഇന്നല്ലെങ്കിൽ നാളെ അവർ സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. പാർട്ടിയെ വഞ്ചിക്കുന്ന ഒറ്റുകാർ ആരും ഈ പ്രസ്ഥാനത്തിലില്ല. പാർട്ടിയുടെ അന്ത്യം ലക്ഷ്യമിടുന്നവരുടെ കൂടെ പാർട്ടിയെ സ്നേഹിക്കുന്ന ആർക്കും നിൽക്കാൻ കഴിയില്ല. കൂടെ നിർത്തി ഇല്ലാതാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.

      മാണി സാറിന്റെ മരണ ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമായിരുന്നു ജോസഫിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ചെയർമാൻ സ്ഥാനവും വർക്കിങ് ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതൃപദവിയും ജോസഫ് വിഭാഗത്തിന് തന്നെ വേണമെന്ന ആവശ്യത്തെയാണ് എതിർത്തത്. ലയന സമയത്തെ ധാരണ പ്രകാരം ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതൃപദവിയും മാണി വിഭാഗത്തിനും വർക്കിങ് ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിനും എന്നതായിരുന്നു. മാണി സാറിന്റെ മരണ ശേഷം സി എഫ് സാർ ചെയർമാൻ സ്ഥാനത്തേക്കും ജോസഫ് പാർലമെന്ററി പാർട്ടി നേതാവായും വരണമെന്നായിരുന്നു ആഗ്രഹം. 

      കേരളാ കോൺഗ്രസ്സ് രാഷ്ട്രീയ വഞ്ചന കാട്ടി എന്ന യു ഡി എഫിന്റെ ആരോപണം തെറ്റാണ്. മുന്നണിയിൽ തുടരാൻ അവകാശമില്ല എന്ന് പ്രസ്താവന നടത്തി പാർട്ടിയെ പുറത്താക്കുകയാണ് ചെയ്തത്. പുറത്താക്കപ്പെട്ട പാർട്ടി എന്ത് രാഷ്ട്രീയ വഞ്ചന കാട്ടി എന്നതാണ് മനസിലാകാത്തത്. 

(ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ അഭിപ്രായകന്റേത് മാത്രമാണ്.)