കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ കോട്ടയം ജില്ലയിൽ വീടിന്റെ സുരക്ഷിതത്വത്തെ സ്വന്തമാക്കിയത് 8229 കുടുംബങ്ങൾ. കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതരായവർക്കും സുരക്ഷിത ഭവനം വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ലൈഫ് മിഷൻ. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗുണഭോക്താക്കള്‍ സ്വന്തമായി ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ ഭാഗഭാക്കാകുന്നതിനും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതമായ ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍.
ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിലെ ഭവന സമുച്ഛയങ്ങൾ ജില്ലയിൽ ഒരുങ്ങുന്നു. കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പ് മിഠായിക്കുന്നിലും വിജയപുരം പഞ്ചായത്തില്‍ ചെമ്പോല കോളനിയിലുമാണ് നാലു നിലകളുള്ള ഭവനസമുച്ചയങ്ങള്‍ ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്. ആറു മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തലയോലപ്പറമ്പില്‍ വടയാര്‍ വില്ലേജിലെ മിഠായിക്കുന്നില്‍ ജലസേചന വകുപ്പിന്‍റെ 433 സെന്‍റ് സ്ഥലത്ത് ആദ്യഘട്ടത്തില്‍ 36 വീടുകളടങ്ങിയ ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. വിജയപുരത്ത് 44 വീടുകള്‍ ആണ് നിർമ്മിക്കുന്നത്.