കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ സീറ്റ് ധാരണകൾ സംബന്ധിച്ചുള്ള ചർച്ചകളും യു ഡി എഫ് നേതൃയോഗവും നവംബർ 2 നു നടക്കും. കോൺഗ്രസ്സും കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവും തമ്മിലുണ്ടാകുന്ന സീറ്റ് ധാരണകൾ നിർണ്ണായകമായിരിക്കും. എന്നാൽ ഇത്തവണ മുൻപ് കേരളാ കോൺഗ്രസ്സ് എമ്മിന് ലഭിച്ച 11 സീറ്റ് ജോസഫ് പക്ഷത്തിന് ലഭിക്കാനിടയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലും ധാരണകൾക്കും ബന്ധങ്ങൾക്ക് അടിത്തറ ഉറപ്പാക്കുന്നതിനുമാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചത്.
ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിൽ സ്വയം നിരീകഷണത്തിൽ കഴിയുകയാണ്. ഇതേത്തുടർന്നാണ് ഈ ആഴ്ച്ച നടത്തേണ്ടിയിരുന്ന ചർച്ചകളും യു ഡി എഫ് നേതൃയോഗവും നവംബർ 2 ലേക്ക് മാറ്റി വെച്ചത്. ഉമ്മൻ ചാണ്ടിക്കൊപ്പം തിരുവഞ്ചൂർ രാധാകൃഷ്‌ണനും പി ജെ ജോസഫിനൊപ്പം ചർച്ചയിൽ പങ്കെടുക്കും. ഇത്തവണ പരമാവധി 7 സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി ബാക്കിയുള്ളവയിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കാനാണ് സാധ്യത. ആദ്യഘട്ടങ്ങളിൽ പി ജെ ജോസഫ് കൈക്കൊണ്ടിരുന്ന തീരുമാനപ്രകാരം കേരളാ കോൺഗ്രസ്സ് മത്സരിച്ച സീറ്റുകളിൽ ഇത്തവണയും മത്സരിക്കും എന്നതായിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനങ്ങൾക്ക് അയവ് വന്നതായാണ് സൂചന.