തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാർഗനിർദേശം ഉടനെ തയാറാക്കും. ടെലിമെഡിസിൻ സൗകര്യം ഇനിയും വിപുലപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി റിസർവ് ചെയ്യണമെന്ന നിർദ്ദേശത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും സ്വകാര്യ ആശുപത്രികളിലെ ഐസിയു ബെഡ്ഡുകൾ എംപാനൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാവുകയാണ്. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ കൂടുതലായി സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങൾ കണ്ടെത്തുകയും, അവയിൽ 57 ഇടങ്ങളിൽ ഇതിനകം കിയോസ്‌കുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് രോഗബാധിതരായവരിൽ മറ്റു അനാരോഗ്യങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ ബോധവൽക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ൻ പ്ലാൻ തയ്യാറാക്കിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു. കുറച്ചു നാളുകളായി സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കേസ് പെർ മില്യൺ 11280 ആയി ഉയർന്നു. ദേശീയ ശരാശരി 5790 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 123524 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെർ മില്യൺ. ഇന്ത്യയിൽ അത് 76440 ആണ്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്‌കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളിൽ പരാതി ഉയർന്നിട്ടുണ്ട്. ഇത് സംഭവിക്കാതിരിക്കാൻ ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മിൽ ഏകോപനവും ജാഗ്രതയും വേണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.