എരുമേലി: മണ്ഡല-മകരവിളക്ക് സീസൺ അവസാനിക്കാറായപ്പോഴേക്കും മാലിന്യവാഹിയായി എരുമേലി വലിയ തോട്. ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർ പേട്ടതുള്ളലിന് ശേഷം കുളിക്കുന്ന തോട്ടിലെ വെള്ളം ഇപ്പോൾ ചെളിയും അഴുക്കും നിറഞ്ഞു കുഴമ്പ് രൂപത്തിലാണ്. തോട്ടിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും എല്ലാം പ്രഹസനം മാത്രമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പേട്ടതുള്ളലിന് ശേഷം അയ്യപ്പ ഭക്തർ തോട്ടിൽ കുളിക്കുമ്പോൾ സിന്ദൂരവും സോപ്പും എണ്ണയുമെല്ലാം കലർന്നതാണ് തോട് മലിനമാകാൻ കാരണം. ഒഴുക്ക് നിലച്ചതോടെ മാലിന്യങ്ങളെല്ലാം കെട്ടിക്കിടക്കുകയാണ്. ജലത്തിന്റെ നിറവും മാറിയിട്ടുണ്ട്. ആയിരക്കണക്കിന് തീർത്ഥാടകരാണ് ദിവസേന ഈ തോട്ടിലെ വെള്ളത്തിൽ കുളിക്കുന്നത്. ശുചിമുറി മാലിന്യം വരെ തോടുകളിലേക്ക് തള്ളുന്നതായി പരാതികളുണ്ട്. സാധാരണ ഗതിയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് മൂന്നോ നാലോ തവണ മഴ പെയ്യുന്നതാണെങ്കിലും ഇത്തവണ ഒരു മഴ പോലും ലഭിച്ചിരുന്നില്ല. ചൂട് കൂടുതലായതിനാൽ ജലാശയങ്ങളിലെ ഒഴുക്കും നിലച്ചിരിക്കുകയാണ്. മണിമലയാറ്റിൽ കൊരട്ടിയിലെ ഓരുങ്കൽ കടവിലും താത്കാലിക തടയണകൾ കെട്ടി വെള്ളം നിർത്തിയാണ് തീർത്ഥാടകർക്ക് കുളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

