എരുമേലി: ലഹരിയുടെ വേരറുക്കും വരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും തൂഫാനെ അട്ടിമറിക്കുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല എന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
തൂഫാൻ പദ്ധതിയുമായി കൈകോർത്ത് എരുമേലിയിൽ നടന്ന ലഹരി വിരുദ്ധ ഏകദിന ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്കെരെ നിയമ നടപടികൾ കർനമാക്കുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി രാത്രികാലങ്ങളിലുൾപ്പടെ പരിശോധന ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി,കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, എരുമേലി ഗ്രാമ പഞ്ചായത്ത്, നവരശ്മി ക്ലബ്ബ് ശ്രീനിപുരം എരുമേലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് എരുമേലി ശ്രീനിപുരത്ത് ലഹരി വിരുദ്ധ ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
ലഹരി വിടൂ ജീവിതം നേടൂ' എന്ന സന്ദേശത്തോടെ ഡോക്യൂമെന്ററി പ്രദർശനം, ബോധവത്കരണ ക്ളാസ്സുകൾ, പ്രഫഷണൽ കൗൺസിലിംഗ്, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.