കാഞ്ഞിരപ്പള്ളി-ചോറ്റി വാഹനാപകടം: അലക്ഷ്യമായി അമിതവേഗത്തിൽ കാർ ഓടിച്ച് മറ്റു വാഹനങ്ങളിലിടിച്ചു കയറ്റിയ അപകടം ആത്മഹത്യാശ്രമമെന്നു യുവാവ്; കൂട്ടിക്കൽ സ്വ


കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ഏഴോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അലക്ഷ്യമായി അമിതവേഗത്തിൽ കാർ ഓടിച്ച് മറ്റു വാഹനങ്ങളിലിടിച്ചു കയറ്റിയ അപകടം ആത്മഹത്യാശ്രമമെന്നു യുവാവ്.

സംഭവത്തിൽ കാർ ഡ്രൈവർ മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോൺ ഫിലിപ്പ്നെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു. സംഭവിച്ചത് സ്വാഭാവിക വാഹനാപകടമല്ലെന്നും കാർ ഡ്രൈവറായ യുവാവ് ജീവനൊടുക്കാൻ കാർ മനഃപൂർവം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റിയതാണെന്നു കഴിഞ്ഞ ദിവസം പൊലിസ് വ്യക്തമാക്കിയിരുന്നു.

അപകടം നടക്കുന്നതിനു തൊട്ടുമുൻപുള്ള സമയത്ത് ദേശീയപാതയിലൂടെ കാർ അമിത വേഗതയിൽ വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് കാഞ്ഞിരപ്പള്ളി ചോറ്റിയിൽ വാഹനങ്ങളുടെ കൂട്ടയിടി നടന്നത്. കൂട്ടിക്കൽ പുത്തൂർ ശാരോൺ (27), കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), കൂട്ടിക്കൽ മഠത്തിൽ സഹിൽ (31), മടുക്ക മരുതുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (9), എം.എസ്. ആവണി (4), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജൻ (65), കൊച്ചുമക്കളായ ചോറ്റി മരുതുംവയലിൽ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.  ഓട്ടോറിക്ഷാ തലകീഴായി മറിയുകയും കാറുകളുടെ മുൻഭാഗവും പിൻഭാഗവും പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. അപകടത്തിൽ സാരമായി പരുക്കേറ്റ നാലുപേരുടെ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം സാധാരണ വാഹനപകടമെന്നാണ് കരുതിയതെങ്കിലും പോലീസ് സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മനപ്പൂർവ്വം നടത്തിയ കൃത്യമാണെന്ന് പൊലീസിന് വ്യക്തമായത്.