കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ അപാകതകൾ സംബന്ധിച്ചുള്ള പരിശോധന പ്രതിസന്ധിയിൽ. കെട്ടിടം മെഡിക്കൽ കോളജ് ഏറ്റെടുത്തു കഴിഞ്ഞാൽ പരിപാലന ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പരിശോധനയിൽ പങ്കാളികളാകാത്തതാണു പരിശോധനയ്ക്ക് കാലതാമസം നേരിടാൻ കാരണം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സർജിക്കൽ ബ്ലോക്കിൽ വീഴ്ചകൾ തുടർച്ചയായതോടെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ടുഘട്ട പരിശോധനകൾ നിലവിൽ കഴിഞ്ഞിട്ടും തീരുമാനങ്ങൾ ഒന്നുമായിട്ടില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
അപാകതകൾ പരിഹരിച്ച് ആവശ്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയശേഷം മാത്രമേ കെട്ടിടം ഏറ്റെടുക്കൂ എന്ന നിലപാടിലാണ് മെഡിക്കൽ കോളേജ് അധികൃതർ. 270 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം 2026 ഫെബ്രുവരി 16നാണ് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽ സീലിംഗ് പൊളിഞ്ഞു തുടങ്ങി, ചോർച്ചയുൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.
പുതിയ സർജിക്കൽ ബ്ലോക്കിലെ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണത് വലിയ രീതിയിലുള്ള പരാതികൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതകളും ഗുണമേന്മയില്ലാത്തതും പാകപ്പിഴകളുമാണ് സീലിംഗ് അടർന്നു വീഴാൻ കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അധികൃതർ, മെഡിക്കൽ കോളജ് അധികൃതർ, നിർമാണക്കമ്പനിയുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘമാണ് ജൂലൈ മാസത്തിൽ പരിശോധന നടത്തിയത്. വീഴ്ചകൾ തുടർച്ചയതോടെയാണ് വീണ്ടും പരിശോധനയ്ക്ക് ഒരുങ്ങുന്നത്. നിലവിൽ ഇതുവരെ രണ്ട് ഘട്ട പരിശോധനകൾ നടത്തി. അപാകതകൾ കണ്ടെത്തിയ മേഖലകളിൽ അതാത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് അവ പരിഹരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഡിസംബർ ആദ്യവാരം വീണ്ടും പരിശോധന നടത്തും.