പാലാ: ജൂബിലി തിരുനാളാഘോഷത്തിനൊരുങ്ങി പാലാ. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, പുത്തൻപള്ളി ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ ആഘോഷങ്ങൾ ഡിസംബർ ഒന്ന് മുതൽ എട്ടു വരെ നടക്കും.
മുൻ വർഷങ്ങളിലേതു പോലെ കലാസന്ധ്യ, സാംസ്കാരിക ആഘോഷങ്ങൾ, വിവിധ കലാപരിപാടികൾ, പ്രദക്ഷിണങ്ങൾ, മരിയൻ റാലി, ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂവിലർ ഫാൻസിഡ്രസ് മത്സരം എന്നിവയുമുണ്ടാകും. ഡിസംബർ ഒന്നിന് വൈകിട്ട് 5.15ന് ളാലം പഴയപള്ളിയിൽ കുർബാനയ്ക്ക് ശേഷം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും തുടർന്ന് കൊടിയേറ്റും നടക്കും.
തുടർന്ന് ജൂബിലി സാംസ്കാരിക ആഘോഷങ്ങളുടെ ഉദ്ഘാടനവും ഗാനമേളയും നടക്കും. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകിട്ട് ആറിനും കുർബാന, ലദീഞ്ഞ്, ജപമാല എന്നിവ നടക്കും. രണ്ടിന് മ്യൂസിക് ബാന്റ്, മൂന്നിന് നാടകം, നാലിന് മ്യൂസിക്കൽ ഷോ, അഞ്ചിന് കൂന്തലക്കാടൻസ് ഫ്യൂഷൻ. പ്രധാന തിരുനാൾ ദിനമായ എട്ടിന് ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂവിലർ ഫാൻസിഡ്രസ് മത്സരം, പട്ടണ പ്രദക്ഷിണം എന്നിവ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ളാലം പഴയപള്ളി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ, ഫാ. ജോർജ് തറപ്പേൽ, വി ടി ജോസഫ് താന്നിയത്ത്, ബിജു കുട്ടിയാനി, തങ്കച്ചൻ കാപ്പിൽ, രാജേഷ് പാറയിൽ, ഷാജി ആവിമുട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.