കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്‌സിങ് ജീവനക്കാരുടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; താൽക്കാലിക നേഴ്‌സിങ് ജീവനക്കാരുടെ കരാർ കാലാവധി ദീർഘിപ്പിച്ചു, പോരാട്ട


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്‌സിങ് ജീവനക്കാരുടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. താൽക്കാലിക നേഴ്‌സിങ് ജീവനക്കാരുടെ കരാർ കാലാവധി ദീർഘിപ്പിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംഗ് ജീവനക്കാരുടെ രൂക്ഷമായ കുറവും അതുമൂലം ജീവനക്കാർ അനുഭവിക്കുന്ന അമിത ജോലിഭാരവും ചൂണ്ടിക്കാട്ടി കേരളാ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനൊപ്പം ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും സംഘടനാ ആവശ്യപ്പെട്ടിരുന്നു. താൽക്കാലിക ജീവനക്കാരെയും ട്രെയിനികളെയും പിരിച്ചു വിടുകയാണെന്നും നേഴ്‌സുമാർ പരാതിപ്പെട്ടിരുന്നു. നേഴ്‌സുമാരുടെ പ്രതിഷേധം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പായി മാറിയിരിക്കുകയാണ്. ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും അവഗണനയുടെ മതിലുകളിൽ സംഘടനയുടെ ശബ്ദം മുഴക്കാനും ന്യായമായ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങാനും കേരളാ ഗവണ്മെന്റ് നേഴ്സ്സസ് അസോസിയേഷൻ തയ്യാറായതോടെ ആ പോരാട്ടത്തിന്റെ ഫലമായി താൽക്കാലിക പരിഹാരമെന്ന നിലയിൽ കരാർ നഴ്സിംഗ് ജീവനക്കാരുടെ കാലാവധി ദീർഘിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുകയാണ്. ഇതൊരു കേവലമായ കാലാവധി ദീർഘിപ്പിക്കലല്ല. സംഘടിതമായ ഇടപെടലുകൾക്ക് ഫലമുണ്ടാകുമെന്നതിന്റെ അടയാളമാണ്. നിശ്ശബ്ദമായി സഹിച്ചു നിൽക്കുന്നതിനേക്കാൾ ഒരുമിച്ച് ശബ്ദമുയർത്തുമ്പോഴാണ് മാറ്റങ്ങൾക്കുള്ള വഴികൾ തുറക്കപ്പെടുന്നതെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് എന്ന് നേഴ്സ്സസ് അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹികൾ പറഞ്ഞു. താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ആവശ്യമായ സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് നഴ്സിംഗ് ജീവനക്കാരുടെ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും ജീവനക്കാരുടെ അവകാശങ്ങളും രോഗികളുടെ സുരക്ഷിത പരിചരണവും ഉറപ്പാക്കണമെന്നും നേഴ്സ്‌മാർ ആവശ്യപ്പെട്ടു. നിലവിൽ 1032 നഴ്സിങ് സ്റ്റാഫുകളാണ് മെഡിക്കൽ കേളേജ് ആശുപത്രിയിലുള്ളത്. ഇതിൽ 440 പേർക്കാണ് സ്ഥിര നിയമനം. 92 ഓളം ട്രെയിനികൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോ 52 പേർ മാത്രമാണുള്ളത്. ബാക്കിയുള്ളവരെ ഒന്നാകെ പിരിച്ചുവിട്ടതായി നഴ്സുമാർ പറഞ്ഞു. പുതിയ ഐസിയു, 8 നിലകളുള്ള പുതിയ സർജിക്കൽ ബ്ലോക്ക് തുടങ്ങിയവ വരുമ്പോഴും നിലവിലുള്ള സ്റ്റാഫുകളെ വെച്ചാണ് ഓടിക്കുന്നതെന്നും ഇത് തങ്ങളുടെ ജോലി ഭാരം വർധിപ്പിക്കുകയാണെന്നും അധിക സമയം ജോലി ചെയ്യേണ്ടി വരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. 2000ത്തിനു മേൽ നഴ്സുമാരുടെ എണ്ണം എത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Next
This is the most recent post.
Previous
Older Post