എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിൽ സുരക്ഷാ ക്യാമറകൾ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമോ എന്ന കാത്തിരിപ്പിലാണ് നാട്ടുകാർ.
തകരാറിലായ ക്യാമറകൾ നന്നാക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയതോടെ തീർത്ഥാടന കാലത്തിന് മുമ്പ് നിരീക്ഷണ സംവിധാനം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും വിവിധ വകുപ്പ് അധികൃതരും. എരുമേലി നഗരത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള 13 സുരക്ഷാ ക്യാമറകളിൽ 12 എണ്ണവും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരെണ്ണം മാത്രമാണ് തകരാറിലായിട്ടുള്ളത്.
അതേസമയം നഗരത്തിലെ വിവിധ ഭാഗങ്ങളിലായി പോലീസ് സ്ഥാപിച്ചിട്ടുള്ള 36 ക്യാമറകളിൽ തകരാറുള്ളവയുടെ അറ്റകുറ്റപ്പണികൾ ഇന്ന് തന്നെ പൂർത്തിയാക്കുമെന്ന് എരുമേലി എസ്.എച്ച്.ഒ അറിയിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വലിയ സ്റ്റേഡിയം, വാവർ പള്ളി സ്റ്റേഡിയത്തിന്റെ മുൻഭാഗം, പഞ്ചായത്ത് പ്രവേശന കവാടം, ദീപ്തി പാലം, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻഭാഗം, എരുമേലി കവല തുടങ്ങിയ സ്ഥലങ്ങളിലാണ് ഗ്രാമപഞ്ചായത്തിന്റെ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
പോലീസിന്റെ സുരക്ഷാ ക്യാമറകൾ മുണ്ടക്കയം റോഡിൽ എരുമേലി കവല മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയും കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലം വരെയും റാന്നി റോഡിൽ കരിങ്കലുമുഴി വരെയും നിരീക്ഷണം ഉറപ്പാക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടന കാലത്ത് എരുമേലിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ വൻ തീർത്ഥാടക പ്രവാഹമാണ് ഉണ്ടാകുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ഗതാഗത നിയന്ത്രണത്തിനും കാണാതാകുന്നവരെ കണ്ടെത്തുന്നതിനുമെല്ലാം സുരക്ഷാ ക്യാമറകളുടെ നിരീക്ഷണം പോലീസിന് ഏറെ സഹായകരമാകും. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ ക്യാമറകളും പ്രവർത്തനസജ്ജമാക്കി നഗരത്തിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
മുൻവർഷങ്ങളിലും വിവിധ സംഭവങ്ങളിൽ സുരക്ഷാ ക്യാമറകൾ ഉപകാരപ്പെട്ടിരുന്നു. നഗരത്തിൽ സ്ഥിരം സംവിധാനമായാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നതെങ്കിലും കൃത്യമായ പരിചരണമില്ലാഞ്ഞതിനാൽ ഇവയിൽ ചിലത് പലപ്പോഴായി തകരാറിലായിരുന്നു.