എരുമേലി: മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയിലെ പ്രമുഖ മതപണ്ഡിതനും സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമായ ഹാജി ടി എസ് അബ്ദുൽ കരീം മൗലവി അന്തരിച്ചു. 107 വയസ്സായിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. എരുമേലിയിലെ പ്രമുഖ മതപണ്ഡിതനും എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമായിരുന്നു അബ്ദുൽ കരീം മൗലവി. മതാതീതമായ സൗഹാർദ്ദത്തിന്റെ പേരിൽ അറിയപ്പെടുന്ന എരുമേലിയിലെ സാമൂഹിക-ആധ്യാത്മിക രംഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. നൂറുവയസ്സുവരെ റമസാൻ നോമ്പനുഷ്ഠിച്ച വ്യക്തിയെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ പിതാവും പിതാവിന്റെ പിതാവും എരുമേലി പള്ളിയിലെ ഇമാമായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവം ചില സ്വാതന്ത്ര്യസമരഭടന്മാരിൽ ഒരാളായിരുന്നു അബ്ദുൽ കരീം മൗലവി. എരുമേലിയിലെ വാവർ പള്ളിയിൽ 68 വർഷക്കാലത്തോളം ഇമാമായി പ്രവർത്തിച്ചിരുന്നു. മൂന്നു തലമുറകളിലായി ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി എരുമേലി പള്ളിയുടെ ഇമാം സ്ഥാനം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം സ്വന്തമായിരുന്നു.
വാവർ പള്ളിയിലെ ദൈനംദിന പ്രാർത്ഥനയിൽ നൂറു വയസ്സുവരെ അദ്ദേഹം സജീവമായിരുന്നു. മതമൈത്രിയുടെ പേരിൽ ശ്രദ്ധാ കേന്ദ്രമായ എരുമേലി പട്ടണത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന മിക്കവാറും എല്ലാം പൊതുചടങ്ങുകളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. എരുമേലിയിലെ പ്രസിദ്ധമായ പേട്ടതുള്ളലിനു മുന്നോടിയായി അമ്പലപ്പുഴ സംഘം അബ്ദുൽ കരീം മൗലവിയെ സന്ദർശിച്ച് അനുഗ്രഹം തേടുന്ന പതിവ് ഇപ്പോഴുമുണ്ട്.
1923 ൽ കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ പ്രശസ്തമായ താഴത്തുവീട്ടിൽ കുടുംബത്തിലാണ് ടി. എസ്. അബ്ദുൽ കരീം മൗലവി ജനിച്ചത്. എരുമേലിയിലെ സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസുവരെ പഠനം നടത്തിയ അദ്ദേഹം 1937 ൽ തുടർ പഠനത്തിനായി പതിനാലു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്കൂളിൽ ചേർന്നു. ഇതിനിടെ 7 വർഷം ഈരാറ്റുപേട്ട ദർസിൽ മുസ്തഫ ആലിം സാഹിബിന്റെ കീഴിൽ മതപഠനവും നടത്തിയിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസം ഭേദപ്പെട്ട മാർക്കോടെ പൂർത്തിയാക്കിയതിനുശേഷം ഉപരിപഠനത്തിനായി തമിഴ്നാട്ടിലെ പ്രശസ്തമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജിൽ ചേരുകയും അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. എം.എഫ്.ബി. പഠനത്തിനുശേഷം 1948 ൽ പിതാവ് സൈനുദ്ദീൻ ലബ്ബ അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന നൈനാർ പള്ളിയിലെത്തുന്നത്. 1954–ൽ അദ്ദേഹം സൈനബയെ വിവാഹം കഴിച്ചു. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്.
ഇന്ത്യൻ റെയിൽവേയിൽ സീനിയർ ഉദ്യോഗസ്ഥനായി വിരമിച്ച റഹ്മത്തുള്ളയാണ് അദ്ദേഹത്തിന്റെ മൂത്ത മകൻ. മൗലവിയുടെ പിതാവ് സൈനുദ്ദീൻ ലബ്ബയും ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. വിദ്യാഭ്യാസ കാലം മുതൽ ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം കോൺഗ്രസ് അനുഭാവിയും അടിയുറച്ച പ്രവർത്തകനുമായിരുന്നു.
സി. കേശവൻ, ടി. എം. വർഗീസ്, പട്ടം താണുപിള്ള തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കൾ നേതാക്കൾ എരുമേലിയിൽ എത്തിയപ്പോൾ പിതാവിനോടൊപ്പം സഹനവും അഹിംസയും മുൻനിറുത്തിയുള്ള സമരപരിപാടികളിൽ അദ്ദേഹവും പങ്കെടുത്തിരുന്നു. ഒരു ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണെങ്കിലും അദ്ദേഹം സ്വാതന്ത്ര്യസമര പെൻഷനുവേണ്ടി ശ്രമിച്ചിരുന്നില്ല.