പാമ്പാടി: കോട്ടയം പാമ്പാടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവതികൾ മരിച്ച സംഭവത്തിൽ റോഡിൽ നിന്ന് സംസാരിച്ചവരെകുറിച്ച് അന്വേഷണം നടത്താൻ പോലീസ്.
അപകടത്തിന് കാരണമാകുന്ന തരത്തിൽ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്ലി (22), കടുവും ഭാഗത്ത് കുര്യാക്കോസ് അച്ഛന്റെ മകൾ കൃപ (25) എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്.
അപകടത്തിന് പിന്നാലെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളിൽ റോഡിൽ മറ്റു വാഹനങ്ങൾക്ക് അപകടകരമായ വിധം നിന്ന് സംസാരിച്ചവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. റോഡിൽ നിന്ന് സംസാരിച്ച ബൈക്ക് യാത്രികനെയും കാൽനട യാത്രികനെയും പിടിക്കാതിരിക്കാൻ കാർ ബ്രേക്ക് ഇട്ടപ്പോഴാണ് പിന്നാലെ വന്ന സ്കൂട്ടർ നിയന്ത്രണംവിട്ടു എതിരെയെത്തിയ സ്വകാര്യ ബസ്സിനടിയിലേക്ക് വീണത്.
തുടക്കത്തിൽ ബസ്സ് ആണ് അപകടമുണ്ടാക്കിയതെന്ന തരത്തിൽ വാർത്ത പ്രചരിച്ചെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചപ്പോഴാണ് അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയായിരുന്നു.