കാനനപാത 24 മണിക്കൂറും തുറക്കണം; അയ്യപ്പഭക്തരെ വടംകെട്ടി തടയുന്ന സാഹചര്യം ആവർത്തിക്കരുത്: വി സി അജി.


എരുമേലി: എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ 24 മണിക്കൂറും അയ്യപ്പഭക്തർക്ക് തുറന്നുകൊടുക്കണമെന്നു ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി സി അജി.

തീർത്ഥാടകരെ ദുരിതത്തിലാക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണം. എരുമേലിയിൽ നടന്ന അവലോകന യോഗത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് പൂഞ്ഞാർ എംഎൽഎ കാനനപാത 24 മണിക്കൂർ തുറക്കും എന്ന് അറിയിച്ചു എങ്കിലും വനം വകുപ്പ് കേന്ദ്രങ്ങളിൽ നിന്ന് ഇതിന് യാതൊരുവിധമായ ഉറപ്പും നൽകുന്നില്ല എന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എരുമേലി പേട്ടതുള്ളലും പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥാടനവും ശബരിമലയുടെ പവിത്രമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. അവയുടെ തനിമയും മഹിമയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. കഴിഞ്ഞ വർഷം പേട്ടതുള്ളലിനെത്തിയ അയ്യപ്പഭക്തരെ എരുമേലിയിൽ വടംകെട്ടി തടഞ്ഞ് നട്ടുച്ചയിലെ കൊടുംവെയിലത്ത് മണിക്കൂറുകളോളം നിർത്തിയ സാഹചര്യം ഇനിയും ആവർത്തിക്കാൻ അനുവദിക്കരുത്. ഭക്തരുടെ സഹനത്തെ പരീക്ഷിക്കുന്നതാകരുത് തീർത്ഥാടന നടത്തിപ്പ് എന്നും അദ്ദേഹം പറഞ്ഞു. വനപാതയിലെ സുരക്ഷ, അടിയന്തര ചികിത്സ, കുടിവെള്ളം, വിശ്രമസൗകര്യങ്ങൾ എന്നിവ മുൻകൂട്ടി ഉറപ്പാക്കണം. വനംവകുപ്പും പോലീസും ദേവസ്വം ബോർഡും ഏകോപിച്ച് തടസ്സമില്ലാത്ത തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കണം. ആചാരങ്ങളുടെ തനിമ കാക്കണമെന്നും അയ്യപ്പഭക്തരുടെ അന്തസ്സ് സംരക്ഷിക്കണമെന്നും കാനനപാതയിലെ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.