ശബരിമല : ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച്ച സോപാനത്ത് പകൽ 7.30ന് നടന്ന നറുക്കെടുപ്പിലാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മുമ്പും മൂന്നുതവണ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി പട്ടികയിലെത്തിയിരുന്നു. പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി അർജുനന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ശർമദ ആർ വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്.
എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് വടകര മണിയൂർ സ്വദേശിയാണ് എ ദാമോദരൻ നമ്പൂതിരി. അഞ്ച് വർഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിക്കുന്നയാളാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി.