നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നിടും: എം.ജെ.സെബാസ്റ്റ്യൻ.


എരുമേലി: നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നിടുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ. ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എരുമേലി ദേവസ്വം ബോർഡ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

വനമന്ത്രിയുമായും ദേവസ്വം മന്ത്രിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായി എംഎൽഎ അറിയിച്ചു. എരുമേലി റേഞ്ചിന്റെയും പെരിയാർ കടുവാ സങ്കേതത്തിന്റെയും പരിധിയിലുള്ള വനമേഖലകളിലൂടെയാണ് പരമ്പരാഗത കാനനപാത കടന്നുപോകുന്നത്. കാനനപാതയിൽ ഏർപ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണം മൂലം തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും എംഎൽഎ പറഞ്ഞു.

കോവിഡ് കാലം മുതലാണ് ശബരിമല പരമ്പരാഗത കാനനപാതകളിൽ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി അവസാനിച്ചിട്ടും വനംവകുപ്പിന്റെ നിയന്ത്രണം തുടരുകയായിരുന്നു. ഇതോടെ കാനനപാതയിലെ പ്രധാന ചെക്ക് പോസ്റ്റുകളായ കോയിക്കക്കാവിലും അഴുതക്കടവിലും രാത്രികാലങ്ങളിൽ തീർത്ഥാടകരെ തടഞ്ഞിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് നിയന്ത്രണങ്ങൾ മറികടന്ന് തീർത്ഥാടകർ ചെക്ക് പോസ്റ്റുകളും ഫെൻസിംഗുകളും തകർത്ത് വനത്തിലൂടെ കടന്നുപോയ സംഭവങ്ങളും ഉണ്ടായി.

കഴിഞ്ഞ വർഷം മാത്രം അഞ്ച് ലക്ഷത്തിനടുത്ത് തീർത്ഥാടകർ പരമ്പരാഗത കാനനപാതയിലൂടെ കടന്നുപോയതായാണ് കണക്ക്. തീർത്ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പരമ്പരാഗത തീർത്ഥാടന പാതയുടെ പ്രാധാന്യം കണക്കിലെടുത്തുമാണ് 24 മണിക്കൂർ യാത്ര അനുവദിക്കുന്നതിനുള്ള നീക്കം. യോഗത്തിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ. ബേബി, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തീർത്ഥാടകരുടെ സുരക്ഷ, ഗതാഗത സംവിധാനം, ആരോഗ്യസംരക്ഷണം, ശുചിത്വം, കുടിവെള്ളം, താമസസൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് എംഎൽഎ നിർദേശം നൽകി. മണ്ഡല–മകരവിളക്ക് മഹോത്സവം വിജയകരമായി നടത്തുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താനും ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.