പാമ്പാടി: സ്കൂൾ പഠനകാലം മുതൽ ഉറ്റസുഹൃത്തുക്കൾ, വിദേശത്തു പോയെങ്കിലും നാട്ടിലെത്തിയാൽ ആദ്യം ഓടിയെത്തുക ഉറ്റകൂട്ടുകാരിയുടെ അടുക്കൽ, ഒടുവിൽ മരണത്തിലും വേർപിരിയാത്ത സൗഹൃദവുമായി ഉറ്റസുഹൃത്തുക്കൾ.
പാമ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കൃപ മെറിൻ കുര്യാക്കോസിനേയും(25) ആഷ്ലി ആൻ തോമസിനേയും(25) പറ്റി പറയുമ്പോൾ ഉള്ളുലയുകയാണ് കൂട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം നാട്ടുകാർക്കും. ബുധനാഴ്ച രാവിലെ പാമ്പാടിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. ഇരുവരും സ്കൂട്ടറിൽ കനത്തുള്ള മറ്റൊരു സുഹൃത്തിനെ കാണാനായി പോകുന്നതിനിടെയാണ് മരണം വാഹനാപകടത്തിന്റെ രൂപത്തിൽ ഇരുവരെയും തട്ടിയെടുത്തത്.
കാറുമായാണ് രാവിലെ ആഷ്ലിയുടെ വീട്ടിൽ കൃപ എത്തിയത്. തുടർന്നുള്ള യാത്ര ഇരുവരും സ്കൂട്ടറിലാക്കുകയായിരുന്നു. യാത്രയ്ക്കിടെ മുന്നിൽ പോയ കാർ പെട്ടെന്ന് വേഗം കുറച്ചപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസ്സിനടിയിലേക്ക് മറിയുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. സഹോദരനൊപ്പം ഈ തിങ്കളാഴ്ചയാണ് കൃപ നാട്ടിൽ എത്തിയത്.
മാതാപിതാക്കളെ അറിയിക്കാതെ അപ്രതീക്ഷിതമായി എത്തിയ മകളെ കണ്ട പിതാവിന്റെ സ്നേഹം തുളുമ്പുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഉള്ളുലയ്ക്കുകയാണ്. ഓസ്ട്രേലിയയിൽ ബ്രിസ്ബെയ്നിൽ ജയിംസ് കുക്ക് സർവകലാശാലയിൽ മാസ്റ്റർ ഇൻ സോഷ്യൽ വർക്കിൽ അവസാന വർഷ വിദ്യാർഥിനിയാണ് കൃപ. നവംബർ 23 ന് തന്റെ 25ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് കൃപയുടെ അപ്രതീക്ഷിത വിയോഗം. ഈ ആഴ്ചയിൽ പള്ളിയെ പെരുന്നാൾ കൂടിയ ശേഷം കൃപ നവംബർ 16 നു ഓസ്ട്രേലിയയിലേക്കു മടങ്ങാൻ ടിക്കറ്റും എടുത്തിരുന്നു.
ഐസിസിഎ കോഴ്സ് പൂർത്തിയാക്കിയ ആഷ്ലിയെ അഭിനന്ദിക്കാനായി കൂട്ടുകാർ കേക്കുമായി വീട്ടിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടത്. ആഷ്ലിയുടെ മരണ വാർത്ത കൂട്ടുകാരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. വെള്ളൂർ അണ്ണാടിവയിലിൽ ഓട്ടോ സ്കാൻ വർക്ഷോപ് നടത്തുകയാണ് ആഷ്ലിയുടെ പിതാവ് വി.വി.തോമസ്.
കൃപയുടെ സംസ്കാരം കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ ഉച്ചയ്ക്ക് രണ്ടിന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തും. ആഷ്ലിയുടെ മൃതദേഹം ഇന്നു വൈകിട്ട് 5ന് വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ (23) രാവിലെ 10നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.