എരുമേലി: യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാനിലൂടെ നാട് ഒരുമിക്കുന്നു. തൂഫാൻ പദ്ധതിയുമായി കൈകോർത്ത് എരുമേലിയിൽ ലഹരി വിരുദ്ധ ഏകദിന ശില്പശാല നവംബർ 2 നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.
കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി,കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, എരുമേലി ഗ്രാമ പഞ്ചായത്ത്, നവരശ്മി ക്ലബ്ബ് ശ്രീനിപുരം എരുമേലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച എരുമേലി ശ്രീനിപുരത്ത് ലഹരി വിരുദ്ധ ഏകദിന ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. 'ലഹരി വിടൂ ജീവിതം നേടൂ' എന്ന സന്ദേശത്തോടെ ഡോക്യൂമെന്ററി പ്രദർശനം, ബോധവത്കരണ ക്ളാസ്സുകൾ, പ്രഫഷണൽ കൗൺസിലിംഗ്, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ ആരംഭിക്കുന്ന പരിപാടികളിൽ ഉച്ചക്ക് 12:30 നു പൂഞ്ഞാർ എംഎൽഎ എം.ജെ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. പോലീസ്,എക്സൈസ്,വനം വകുപ്പ് അടക്കമുള്ള ആർക്കാർ വകുപ്പുകളുടെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള പരിചയ സമ്പന്നരും പ്രഗത്ഭരും ആനി ദിവസം നടത്തുന്ന പരിപാടിയിൽ ക്ളാസ്സുകൾ നയിക്കും.
ശ്രീനിപുരം നിവാസികളുടെ നാടൻ കലാപരിപാടികളും കാഞ്ഞിരപ്പളി സെന്റ്.ഡൊമിനിക്സ് ലോ കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും കോർത്തിണക്കിയാണ് 'ലഹരി വിടൂ ജീവിതം നേടൂ' പരിപാടി നടത്തുന്നത്. പത്തനംതിട്ട എം പി ആന്റോ ആന്റണി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എംജെ, കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി, ജില്ലാ ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി അത്തീഖ് റഹ്മാൻ, കാഞ്ഞിരപ്പള്ളി ലീഗൽ സർവ്വീസ് കമ്മറ്റി ചെയർപേഴ്സൺ സ്മിത സൂസൻ മാത്യു, കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിയത പ്രസാദ്, ജിലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പോലീസ്-എക്സൈസ്-വനം വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നാസർ പനച്ചി, പാനൽ അഭിഭാഷകൻ അഡ്വ.ഡി മുരളീധർ, അഡ്വ.ജോസ് സിറിയക്,അഡ്വ.ബിന്ദു എം തോമസ്, അഡ്വ.അർച്ചന ആർ പിള്ള, ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി സജു ജെ സെബാസ്റ്റ്യൻ, പാരാലീഗൽ വളണ്ടിയർ സോജാ സെബാസ്റ്റ്യൻ, സ്വാഗതസംഘം കൺവീനർ ഹരികൃഷ്ണൻ തുടങ്ങിയവർ പത്ര സമ്മേളത്തിൽ പങ്കെടുത്തു.