മണിമല ചാരുവേലിയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ്,മക്കൾ പോലീസ് കസ്റ്റഡിയിൽ.


മണിമല: മണിമലയെ ഞെട്ടിച്ചു വീണ്ടും ദുരൂഹസാഹചര്യത്തിൽ ഒരു മരണംകൂടി. മണിമല ചാരുവേലിയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മണിമല ചാരുവേലി സ്വദേശിയായ സന്തോഷ് (48) നെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സന്തോഷിന്റെ മക്കളായ രണ്ടുപേരെ മണിമല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്തോഷിന്റെ മക്കളായ അച്ചു, അപ്പു എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വീട്ടിൽ സന്തോഷും മക്കളും തമ്മിൽ വാക്കുതർക്കവും തുടർന്ന് അടിപിടിയുമുണ്ടായതായാണ് വിവരം. ഇതിനിടെ മർദ്ധനമേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് വിവരം മണിമല പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകുകയുള്ളു. സംഭവത്തിൽ മണിമല പോലീസ് അന്വേഷണം ആരംഭിച്ചു. സന്തോഷും മാതാവും രണ്ടു മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മണിമല കറിക്കാട്ടൂരിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി കുടുംബം ആരോപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമാണെന്നും തെളിയുകയായിരുന്നു. കറിക്കാട്ടൂർ സ്വദേശി വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാൻ (48) ആണ് മരണപ്പെട്ടത്. സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Next
This is the most recent post.
Previous
Older Post