എരുമേലി: ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നൊരുക്കങ്ങളിൽ മെല്ലെപ്പോക്ക് തുടരുന്നു. ആവശ്യമായ പ്രവർത്തനങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കി പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള രീതിയിൽ ആസൂത്രണം ചെയ്യേണ്ടതിനു പകരം അവസാന മണിക്കൂറുകളിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
ഇനി 40 ദിവസങ്ങൾ മാത്രമാണ് ശബരിമല തീർത്ഥാടനകാലം ആരംഭിക്കാൻ ബാക്കിയുള്ളത്. രണ്ട് മാസം മുൻപുണ്ടായ പ്രളയത്തിലാണ് ഓരുങ്കൽകടവ് പാലത്തിന്റെ കൈവരികൾ തകർന്നത്. കൈവരികൾ തകർന്നതോടെ പാലത്തിലൂടെയുള്ള യാത്ര അപകടകാരമാണെന്നു കണ്ടതോടെ ദിവസങ്ങളോളം പാലം വഴിയുള്ള ഗതാഗതം തടഞ്ഞിരുന്നു. പിന്നീട് താത്കാലികമായി വീപ്പയും മുളങ്കമ്പും ഉപയോഗിച്ച് കൈവരികൾ വെച്ച ശേഷമാണ് വാഹനം കടത്തി വിടാൻ ആരംഭിച്ചത്.
പ്രളയം കഴിഞ്ഞു രണ്ടു മാസം പിന്നിട്ടിട്ടും കൈവരികൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ പാലത്തിലൂടെയുള്ള രാത്രിയാത്രയുൾപ്പടെ ഭീതിയിലാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് കുറുവാമൂഴി-എരുമേലി പാതയിലൂടെ എരുമേലിയിലേക്ക് എത്തുന്നതിനും തിരികെ പോകുന്നതിനുമായി ബൈപ്പാസ് റോഡ് ഉപയോഗിക്കുന്നത്.
എരുമേലിയിൽ തിരക്ക് വർധിക്കുന്ന സമയം വാഹനങ്ങൾ കുറുവാമൂഴിയിൽ നിന്നും എരുമേലിയിലേക്ക് വഴി തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. ശബരിമല തീർത്ഥാടനകാലം അപകടരഹിതമാക്കാൻ പാലത്തിന്റെ കൈവരികൾ എത്രയും വേഗം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എംഎൽഎ എം.ജെ സെബാസ്റ്റിൻറെ അധ്യക്ഷതയിൽ എരുമേലി ദേവസ്വം ബോർഡ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ ഇക്കാര്യം എരുമേലി പോലീസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.