കോട്ടയത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.


കോട്ടയം: കോട്ടയത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. നട്ടാശ്ശേരി ഇഞ്ചേരികുന്ന് പാറയിൽ അജയൻ്റെ മകൾ അഞ്ജലി അജയ് (19) ആണ് മരിച്ചത്.

അപകടത്തിൽ 5 പേർ ബസ്സിനടിയിൽപ്പെടുകയായിരുന്നു. 2 പേരുടെ നില ഗുരുതരമായിരുന്നു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ ആണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന തണ്ടപ്ര ബസ്സാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ ബസ്സ് റോഡിനു സമീപത്തെ ബാരിക്കേഡും തകർത്ത് ഫുട്പാത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. കനത്ത മഴയ്ക്കിടെ ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് ഇടിച്ചു കയറിയത്. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറിയാണ് ബസ്സ് നിന്നത്. പരേതയായ സന്ധ്യയാണ് അഞ്ജലിയുടെ മാതാവ്.