കേരളത്തിൽ എയിംസ്: കോട്ടയം ഉൾപ്പടെ 3 ജില്ലകൾ പരിഗണനയിൽ, കേന്ദ്രത്തിന് ശുപാർശ ചെയ്യാനുള്ള കളക്ടർമാരുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ: ആരോഗ്യ മന


കോട്ടയം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും. എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം ജില്ലകളാണ് പരിഗണനയിൽ.

എയിംസ് സ്ഥാപിക്കുന്നതിനായി കുറഞ്ഞത് 200 ഏക്കര്‍ തര്‍ക്കരഹിതവും തുടര്‍ച്ചയായതുമായ ഭൂമി, ദേശീയപാതയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കുമുള്ള ഗതാഗതസൗകര്യം, കുടിവെള്ള ലഭ്യത, വൈദ്യുതി സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വിശദമായ പ്രായോഗികതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലാ കലക്‌ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു.

കേന്ദ്രത്തിന് ശുപാർശ ചെയ്യാനുള്ള കളക്ടർമാരുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിൽ വെള്ളൂര്‍ കെപിപിഎല്‍ ഉടമസ്ഥതയിലുള്ള 487.31 ഏക്കര്‍ ഭൂമിയും, കാസര്‍കോട് പെരിയപനയാല്‍ പ്ലാൻ്റേഷന്‍ കോര്‍പ്പറേഷൻ്റെ കൈവശമുള്ള 274.69 ഏക്കര്‍ ഭൂമിയും, തൃശൂരിൽ ചാലക്കുടിയിലെ സർക്കാർ പ്രസ്, വൈഗ ത്രെഡ്‌സ്, കൊരട്ടി സർക്കാർ ആശുപത്രി എന്നിവയുടെ ഭൂമി, തുടങ്ങിയവ എയിംസ് സ്ഥാപിക്കുന്നതിനുള്ള സാധ്യതയുള്ള സ്ഥലങ്ങളായി ജില്ലാ കലക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോടു ചേര്‍ന്നുള്ള ഭൂമി സുപ്രീം കോടതി നിര്‍ദേശ പ്രകാരം അവിടെ ബ്രഹ്‌മോസിന് സ്ഥലം അനുവദിച്ചതിനാല്‍ ഇവിടം പരിഗണനയിലില്ല. ആലപ്പുഴ ജില്ലയിലെ പുറക്കാടുള്ള 630 ഏക്കർ മണക്കൽ പാടശേഖരവും നിലവിൽ പരിഗണനയിലില്ല. എന്നാൽ കളക്ടർ റിപ്പോർട്ട് നൽകുകയാണെങ്കിൽ ഇവിടവും പരിഗണിക്കും. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ തര്‍ക്കരഹിതമായ ഭൂമി, വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ദേശീയപാതയിലേക്കുമുള്ള മികച്ച ഗതാഗതസൗകര്യം, തടസ്സമില്ലാത്ത കുടിവെള്ള-വൈദ്യുതി ലഭ്യത എന്നിവ ഉറപ്പാക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താനാണ് കളക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. എയിംസ് അനുവദിക്കുന്നതിന് കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സ്ഥലം കണ്ടെത്തുന്നതോടെ കേരളത്തിന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 200 ഏക്കർ സ്ഥലമാണ് എയിംസിനായി വേണ്ടെതെന്ന് വ്യക്തമാക്കുന്നത്. ആരെയും ഒഴിപ്പിക്കാതെ തന്നെ ഈ സ്ഥലം നിലവിൽ വെള്ളൂരിലുണ്ട് എന്നതും ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ് എന്നതും പ്രത്യേകതയാണ്. 692 ഏക്കറാണ് വെള്ളൂരിൽ കെപിപിഎലിനുള്ളത്. ഇതിൽ കേരള റബർ ലിമിറ്റഡിനായി 164.82 ഏക്കർ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎലിന്റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും ഉള്ളത്. 227.18 എക്കർ സ്ഥലം ഇപ്പോൾത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്.