സൗദി അറേബ്യയില്‍ വാഹനാപകടം: കോട്ടയം സ്വദേശിനികളായ 2 നേഴ്സുമാരുൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം.


കോട്ടയം: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനികളായ 2 നേഴ്സുമാരുൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം.

കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു(36), കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്‌നാട് സ്വദേശികള്‍.

വാഹനമോടിച്ചിരുന്ന സൗദി പൗരനാണ് മരിച്ച മറ്റൊരാള്‍. മരിച്ച നാല് പേരും നഴ്‌സുമാരാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മക്ക മേഖലയില്‍ അല്‍ഗഫയിലും അല്‍ വ െഎന്നിവിടങ്ങളിലുള്ള ഡിസ്‌പെന്‍സറികളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

അവധി ദിവസമായിരുന്നതിനാല്‍ ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു ഇവര്‍. 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ഈ വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.