അതീവ ജാഗ്രത വേണം! പൊള്ളുന്ന ചൂടിൽ കോട്ടയം, ജില്ലയിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായി ഉയരുന്നു, തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏ


കോട്ടയം: വേനൽകാലത്തിനെ ഓർമ്മിപ്പിക്കും വിധം പൊള്ളുന്ന ചൂടിൽ ഉരുകിയൊലിക്കുകയാണ് കോട്ടയം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അതികഠിനമായ ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. രാവിലെ ഉദിക്കുന്ന വെയിലിൽ തുടങ്ങി വൈകിട്ട് അസ്തമിച്ചാലും കുറയാത്ത ചൂടാണ് ഇപ്പോൾ ജില്ലയിൽ അനുഭവപ്പെടുന്നത്.

സാധാരണയായി മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾ ഓഗസ്റ്റ് മാസം അവസാനത്തോടെയും സെപ്റ്റംബർ മാസം ആദ്യത്തോടെയും ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങിയത്. പകൽ പുറത്തിറങ്ങാനാകാത്ത വിധം അതികഠിനമായ ചൂടാണ് ഇപ്പോൾ ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലയിൽ ചൂട് വർധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും താപനില സാധാരണയെക്കാൾ 3 മുതൽ 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ചൂട് ഉയരുന്നതിനൊപ്പം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായി ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണത്തോതും അപകടകരമായ നിലയിലേക്ക് ഉയരുകയാണ്. സാധാരണയായി മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ ആയിരുന്നു അൾട്രാ വയലറ്റ് വികിരണ തോത് ഉയർന്നുകൊണ്ടിരുന്നത്. എന്നാൽ ഇത്തവണ സെപ്റ്റംബർ മാസം ആദ്യത്തോടെ യു വി തോത് ഉയരുകയായിരുന്നു. ജില്ലയിൽ ചങ്ങനാശേരിയിൽ സ്ഥാപിച്ചിരിക്കുന്ന യുവി ഇൻഡക്സ് സ്റ്റേഷനിൽ ഇന്നലെ യു വി തോത് 10 ലെത്തി.

വേനൽ മാസങ്ങളായ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ 8 വരെ എത്തിയിരുന്ന യുവി തോത് ആണ് ഇപ്പോൾ 10 ൽ എത്തിയിരിക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High Altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും. നിലവിൽ ജില്ലയിൽ യുവി തോത് ഓറഞ്ച് മുന്നറിയിപ്പ് വിഭാഗത്തിലാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ജില്ലയിൽ യുവി തോത് അതീവ അപകടകരമായ റെഡ് വിഭാഗത്തിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.