കോട്ടയം: സ്ത്രീകൾക്ക് സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതിക്ക് നാളെ 100 ദിവസം തികയുകയാണ്. യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ ഉൾപ്പടെ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
പദ്ധതി നടപ്പിലായതോടെ സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായതായി കെഎസ്ആർടിസി അറിയിച്ചു. ജൂൺ 15ന് ആണ് സംസ്ഥാനത്ത് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്. വലിയ ആഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് സ്ത്രീ യാത്രക്കാർ പദ്ധതി സ്വീകരിച്ചത്. ദിവസേന ജോലിയ്ക്കായി പോകുന്ന സാധാരണക്കാരായ സ്ത്രീ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് ഇത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതോടെ കൂടുതൽ സ്ത്രീകൾ കെഎസ്ആർടിസി യിൽ യാത്ര ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത്.
ദൈനംദിന യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പദ്ധതി വലിയ പിന്തുണയായി മാറിയിട്ടുണ്ട്.
സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് പ്രിയദർശിനി യാത്ര.
പദ്ധതി നൂറാം ദിനം പിന്നിടുമ്പോൾ കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനും കെഎസ്ആർടിസിയുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.