വർഷങ്ങൾ‌ നീണ്ട നിയമപോരാട്ടം; അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി.


കോട്ടയം: അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. 2003 മുതൽ 2007 വരെയുള്ള നാലു വർഷ കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കോടതി വീണ്ടും ചേരും അപ്പോൾ കേസിൽ ശിക്ഷ പ്രഖ്യാപിക്കും.

സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്‌ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തുട‍ർന്ന് കേസ് കോട്ടയം കോടതിയിലേക്ക് എത്തുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കോട്ടയം വിജിലൻസ് കോടതി ജ‍ഡ്‌ജ് കെ.വി.രജനീഷ് മുൻപാകെയാണ് വിചാരണ പൂർത്തിയായത്.

മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നാണ് തച്ചങ്കരിയുടെ വാദം. എന്നാൽ ഇത് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും തച്ചങ്കരിക്ക് ഹാജരാക്കാനായില്ല. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി രജനീഷ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്.  തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൻ്റെ 138 ശതമാനം അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

സംസ്ഥാന പൊലീസിൽ ഉന്നത പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിൻ ജെ. തച്ചങ്കരി. ഐജി ആയിരിക്കെയാണ് അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡിജിപി റാങ്കിൽ അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചു. കേസിൽ 128 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അഴിമതി നിരോധന നിയമത്തിലെ ക്ലോസ് രണ്ട് പ്രകാരമാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം, തനിക്ക് അടുത്തിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്ന് തച്ചങ്കരി കോടതിയോട് അഭ്യർഥിച്ചു. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും നിരവധി മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നവംബർ ഒന്നിന് ആരംഭിച്ച വിചാരണയിൽ ആദ്യത്തെ 28 ദിവസം അദ്ദേഹം നേരിട്ട് ഹാജരായിരുന്നു. ജൂൺ 30ന് വിചാരണ പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും പിന്നീട് സെപ്റ്റംബർ 30 വരെ സമയം നീട്ടിനൽകുകയായിരുന്നു. കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്.  വിചാരണയ്ക്കായി കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോൾ സർവീസിൽനിന്ന് വിരമിച്ചിട്ടും കാറിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതിൽ മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. ശിക്ഷ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധിക്കും. പരമാവധി ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.