മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.


പാലാ: മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ(21) ആണ് മരിച്ചത്.

പാലാ ബ്രില്യൻ്റ് സ്റ്റഡി സെന്ററിലെ വിദ്യാർത്ഥിയായ മുഹമ്മദ് അഫ്രിൻ മുത്തോലിയിലെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം 5 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. രണ്ട് പേരാണ് വെള്ളത്തിൽ ഇറങ്ങിയത്. ഇതിനിടെ മുഹമ്മദ് അഫ്രിൻ ഒഴുക്കിൽപ്പെടുകയായിരുന്നു.

സുഹൃത്ത് വിവരമറിയിച്ചതനുസരിച്ചു നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും സന്നദ്ധ സംഘടനാ അംഗങ്ങളും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകട സാധ്യതയുള്ള മേഖലയാണെന്നും വെള്ളത്തിൽ ഇറങ്ങരുതെന്നും ഇരുവരോടും പറഞ്ഞിരുന്നതാണെന്നും മുന്നറിയിപ്പ് വകവെയ്ക്കാതെ കടവിൽ ഇറങ്ങുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.