തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്‍ച്ച നടത്തും. പതിനേഴാം തീയതി മുതല്‍ സമരം നടത്തുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രഖ്യാപനം.
108 ആംബുലൻസ് ജീവനക്കാരുടെ ബോണസ് പ്രശ്നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല. 2025–26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ആണ് സമരം പ്രഖ്യാപിച്ചത്. സമരം അനുവദിക്കാനാകില്ലെന്നും രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ സമ്മതിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഒരു കാരണവശാലും സമരം അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ല്‍ പോകുന്നവര്‍ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സമരത്തില്‍ എസ്മ പ്രകാരം നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കത്ത് നല്‍കിയിരുന്നു. സര്‍വീസ് നടത്താതിരിക്കുന്നതും സര്‍വീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ആരോഗ്യസേവനമായ 108 ആംബുലന്‍സ് സര്‍വീസ് തടസ്സപ്പെടുന്നത് രോഗികളുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാകുമെന്നതിനാല്‍ സമരം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.