പ്രിയമോടെ പ്രിയദര്‍ശിനി! യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്നിടുന്നു, സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ആഘോഷങ്ങൾ.


സ്ത്രീ ശാക്തീകരണ വഴികളിൽ പുതുചരിത്രം കുറിച്ച പ്രിയദർശിനി പദ്ധതി അഭിമാനകരമായ 100 ദിവസങ്ങൾ പൂർത്തീകരിക്കുകയാണ്. പൊതുഗതാഗത സംവിധാനം സാധാരണക്കാരുടെ ജീവിതത്തെ എത്രമാത്രം ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ 100 ദിവസത്തെ പ്രിയദർശിനിയുടെ കണക്കുകൾ.

തീർത്തും സാധാരണക്കാരായ തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥിനികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലെ സ്ത്രീകൾക്ക് യാത്രാസ്വാതന്ത്ര്യത്തിനൊപ്പം വലിയൊരു സാമ്പത്തികാശ്വാസം കൂടിയാണ് പ്രിയദർശിനിയിലൂടെ ഉറപ്പുവരുത്തിയത്. കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിലൂടെ നടപ്പിലാക്കിയ പദ്ധതിയിലൂടെ ഓർഡിനറി യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനത്തിന്റെ വർധനവുണ്ടായി.

പ്രതിദിന യാത്രക്കാരുടെ എണ്ണം 22 ലക്ഷത്തോളമായി ഉയർന്നിട്ടുണ്ട്. ഓർഡിനറി യാത്രകളിൽ 66 ശതമാനത്തോളം പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സൗജന്യ യാത്രകളാണ്. സ്ത്രീകളുടെ സഞ്ചാര സൗകര്യത്തോടൊപ്പം സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കി നാടിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുന്ന പ്രിയദർശിനി പദ്ധതി ജനങ്ങൾ ഹൃദയത്തോട് ചേർത്തുപിടിച്ചു.

പ്രിയദർശിനി സ്ത്രി സൗജന്യ പദ്ധതി നൂറ് ദിനം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചതിന്റെ ഭാഗമായി എരുമേലി ഡിപ്പോയിൽ കെഎസ്ടി വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കെഎസ്ആർടിസി എരുമേലി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രിയദർശിനി യാത്രക്കാർക്ക് ബസുകളിൽ മധുര വിതരണം നടത്തി. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ കെഎസ്ആർടിസി കൺട്രോളിങ്ങ് ഇൻസ്പെക്ടർ വി ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോജൻ മാത്യു സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ യോഗം ഉത്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ മുഖ്യപ്രഭാഷണം നടത്തി. എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, വാർഡ് അംഗം നാസർ പനച്ചി, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂര്യകല പി ജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനോയി ഇലവുങ്കൽ, ഷെമീന ലെത്തിഫ്, ഐഎൻടിയുസി കെഎസ്ആർടിസി യൂണിയൻ നേതാവ് അനസ് ഷുക്കൂർ,സലിമോൻ പി പി എന്നിവരും കെഎസ്ആർടിസി ജീവനക്കാരും കോൺഗ്രസ്സ്-മഹിള കോൺഗ്രസ് പ്രവർത്തകരും രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ള നിരവധിപ്പേരും ചടങ്ങിൽ പങ്കെടുത്തു.

Next
This is the most recent post.
Previous
Older Post