കോട്ടയം: മഴമേഘങ്ങളെ വകഞ്ഞുമാറ്റി പീതവർണപതാക വാനിയുലർന്നതോടെ ആവേശം അലതല്ലി. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിലും മലങ്കര നസ്രാണി യുവജനസംഗമത്തിലും അണിനിരന്നത് ആയിരങ്ങൾ. മാർ ഏലിയാ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച മഹാറാലി തിരുനക്കര മൈതാനിയിൽ സംഗമിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹിക ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ നിരവധി സംഭാവനകൾ നൽകുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്ര പ്രാധാന്യമുളള സമ്മേളനത്തിനാണ് തിരുനക്കര വേദിയായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൂരൽമല ദുരന്ത സമയത്ത് ആദ്യം ഓടിയെത്തിയ യുവജനസംഘടനകളിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഉണ്ടായിരുന്നു എന്നത് അഭിമാനകരമാണ്.
രാസലഹരി സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. പത്ത് വയസ് മുതൽ 90 വയസുള്ളവർ വരെ പോലീസിന്റെ ഡീഅഡിക്ഷൻ സെന്ററുകളിലെത്തുന്നു. സഭയുടെ പരുമല ആശുപത്രി ഉൾപ്പെടെ നാൽപ്പതോളം ആശുപത്രികളുമായി ചേർന്ന് ഡീ അഡിക്ഷൻ പ്രോഗ്രാമുകൾ തുടങ്ങുകയാണ്. ലഹരി വല അറുക്കാൻ സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളെയും ക്യാമറ നിരീക്ഷണത്തിലാക്കും. മലങ്കരസഭയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുഗ്രഹസന്ദേശം നൽകി. ഒരു നൂറ്റാണ്ടിന് മുൻപ് മലങ്കരയിൽ സ്ഥാപിതമായ കാതോലിക്കേറ്റ് ദൈവകൃപയുടെ വലിയ സാക്ഷ്യമാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ആ കാതോലിക്കേറ്റിന്റെ കാവൽഭടൻമാരാണ് മലങ്കരസഭയുടെ യുവത. സഭയുടെ പൈതൃകത്തെ വരുംതലമുറയ്ക്ക് പകർന്ന് നൽകാൻ ഇത്തരം സംഗമങ്ങൾ നിദാനമാകും. ലഹരിക്കെതിരെ പോരാടുവാനും, വയോജനങ്ങളെ കരുതുവാനും, നാടിന്റെ പ്രതിസന്ധികളിൽ കൈകോർക്കുവാനും യുവശക്തിക്ക് കഴിയണമെന്നും സഭാധ്യക്ഷൻ പറഞ്ഞു.
ഒ.സി.വൈ.എം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യസന്ദേശം നൽകി. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ യുവജനസന്ദേശവും, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ കാതോലിക്കേറ്റ് സ്ഥാപന വാർഷിക സന്ദേശവും നൽകി. ചലച്ചിത്രതാരം മാത്യു തോമസ് മുഖ്യാതിഥിയായി. സോദരന് ഒരു സൗധം ഭവന പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തിറക്കി.
ഭവനപദ്ധതിയിലേക്ക് യുവജനപ്രസ്ഥാനം ഭാരവാഹിയായ ജിജോ റ്റി ജോർജ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മെത്രാപ്പോലീത്താമാരായ മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ്, ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ.അബിൻ വർക്കി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മലങ്കരമൽപ്പാൻ ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ, മരിയ ഉമ്മൻ, ഫാ.കെ.എം.സഖറിയാ,
ഫാ.തോമസ് ജോർജ്, ഫാ തോമസ് കെ മാത്യു, ഫാ ബിനു മാത്യൂസ് ഇട്ടി, ഒ.സി.വൈ.എം ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു, ട്രഷറാർ രെഞ്ചു എം ജോയ്, ജിജോ ജോർജ്, റീജൻ യോഹന്നാൻ, ജിൻസ് ജേക്കബ് ഫിലിപ്പ്, അബു ഏബ്രഹാം വീരപ്പള്ളി, ഡാനി രാജു, ബേസിൽ ഷൈജു, ഡോ.നിധിൻ കുര്യാക്കോസ്, റോബിൻ ജോ വർഗീസ്, അനീഷ് ജേക്കബ്, ഗീവിസ് മാർക്കോസ്, അജു ജേക്കബ്, എൽദോസ് ജോർജ്, സിറിൽ മാത്യൂസ്, നെവിൻ കുരുവിള തോമസ് തുടങ്ങിയവർ സംബന്ധിച്ചു.