മഴ വരുന്നു! സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.


കോട്ടയം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുന്നു.

വടക്കൻ തായ്‌ലൻഡിന് മുകളിൽ  ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി  ചക്രവാതച്ചുഴി തുടരുന്നതായും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കർണാടകയിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു.

സംസ്ഥാനത്ത് 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഏറെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 18, 19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.