പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണം, പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി ദിനേശ് മേന


പാലാ: പാലാ എംഎൽഎ മാണി സി കാപ്പനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പരാതിക്കാരനായ ദിനേശ് മേനോൻ ഹൈക്കോടതിയിൽ ഹർജി നൽകി.

പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനമിറക്കണം, പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണം, ഹർജിയിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ മാണി സി. കാപ്പന്റെ എം.എൽ.എ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കണം എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. നാല് കേസുകളിലെയും ശിക്ഷ ഒന്നിച്ചനുഭവിക്കണമെന്ന് കോടതിയുടെ ഉത്തരവില്ലാത്തതിനാൽ മാണി സി. കാപ്പൻ ആകെ മൂന്നര വർഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടതുണ്ട്.

കോടതി ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതുവരെ തുടർന്നുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നും ഹർജിയിൽ പറയുന്നു. ചെക്ക് കേസിൽ മുംബൈ ബോർവെല്ലി കോടതിയാണ് ശിക്ഷ വിധിച്ചത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലുള്‍പ്പടെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഹൈക്കോടതിയിലെത്തിയ ശേഷം കേസിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് മുംബൈ വ്യവാസായിയായ ദിനേശ് മേനോന്‍ ബോറിവില്ലി കോടതിയെ സമീപിക്കുകയായിരുന്നു.

നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി മാണി സി. കാപ്പനെതിരെ ചുമത്തിയത്. ആദ്യ ചെക്കു കേസിൽ മാണി സി.കാപ്പന് ഒരു വർഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. തുക അടച്ചു തീർക്കുന്നതുവരെ പ്രതിവർഷം 9 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം ഈ തുക നൽകണം. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടാമത്തെ കേസിൽ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. ഇതിനും പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം നൽകേണ്ടതുണ്ട്. തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതൽ പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം അടയ്ക്കേണ്ട ഈ തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക സാധാരണ തടവ് അനുഭവിക്കണം. നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.