കോട്ടയം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്ന് മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് പൊതുവെ ദിവസേന ചൂട് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇന്നലെ മഴ ലഭിച്ചിരുന്നില്ല.