കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം, ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം.


ചങ്ങനാശ്ശേരി: കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി  വെങ്കോട്ട മുണ്ടുകുഴി സ്വദേശി വിദ്യ വി.ജി.(45)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കുടുംബം ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി.

തിരുവല്ലയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് ഹെയര്‍ സെന്ററിന് എതിരെയാണ് പരാതി നല്‍കിയത്. തിരുവല്ല ഇടിഞ്ഞിലത്തുള്ള 'മെഡ് ലോഞ്ചസ്' ക്ലിനിക്കിനെതിരെയാണ് കുടുംബം ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സിപിആര്‍ നല്‍കിയതിലെ പിഴവ് മൂല് ബ്രെയിന്‍ ഡാമേജ് സംഭവിച്ചു.

ഗുരുതരാവസ്ഥ ആശുപത്രി അധികൃതര്‍ മറച്ചുവെച്ചു. കയ്യിലെ കൊഴുപ്പുനീക്കം ചെയ്ത ശസ്ത്രക്രിയയിലും പിഴവ് ഉണ്ടായി തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ 16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിനായി വിദ്യ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് വിദ്യ മരിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഇവര്‍ക്ക് അനസ്‌തേഷ്യ നല്‍കിയിരുന്നു. തുടര്‍ന്ന് രാവിലെ 11:30-ഓടെ സര്‍ജറി നടപടികള്‍ ആരംഭിച്ചെങ്കിലും മിനിറ്റുകള്‍ക്കകം ഇവര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2:15-ഓടെ മാത്രമാണ് വിദ്യയെ തിരുവല്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അവിടെ വെന്റിലേറ്റര്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരവേ ചൊവ്വാഴ്ച രാത്രി 9:30-ഓടെയാണ് അന്ത്യം സംഭവിച്ചത്. അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, ഹൃദയാഘാതമുണ്ടായ ശേഷമുള്ള അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും രോഗിയെ വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റുന്നതിലും വരുത്തിയ വലിയ കാലതാമസവുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ക്ലിനിക്കില്‍ മതിയായ വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇത്തരത്തിലുള്ള സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ നടത്തിയത് കുറ്റകരമായ അനാസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. മാടപ്പള്ളിയില്‍ പലചരക്ക് കട നടത്തുന്ന എസ്. സന്തോഷ് ആണ് വിദ്യയുടെ ഭര്‍ത്താവ്. സിദ്ധാര്‍ത്ഥ്, സംഗീത് എന്നിവരാണ് മക്കള്‍. ക്ലിനിക്കിലെ ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, അനസ്തീഷ്യസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ചും, ക്ലിനിക്കിന് പ്രവര്‍ത്തിക്കാനുള്ള നിയമപരമായ അനുമതികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസും ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മരണപ്പെട്ട വിദ്യ സ്വന്തം വീടിനോട് ചേര്‍ന്ന് ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകിട്ട് അഞ്ചുമണിയോടെ വിദ്യയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.