തിരുവോണം മഴ കൊണ്ടുപോയേക്കും! ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത: കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട്.


കോട്ടയം: തിരുവോണദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ തിരുവോണ ദിവസമായ ബുധനാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

 പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

 

 ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം പൂരാടം ദിവസമായ ഇന്നും ഉത്രാടം ദിവസമായ നാളെയും ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.